ചമ്പക്കുളം: പുതുതായി നിർമിച്ച പടഹാരം പാലത്തിന് വടക്കേക്കരയിൽ റോഡിന് കിഴക്കുവശത്ത് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ അപകടം വിളിച്ചുവരുത്തുന്ന സ്ഥിതിയിലെന്നു പരാതി.
തറനിരപ്പിൽനിന്നും രണ്ടടി പോലും ഉയരത്തിലല്ലാതെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ഫ്യൂസുകൾ ഏത് കൊച്ചുകുട്ടിക്കു പോലും കൈയെത്തുന്ന അവസ്ഥയിലാണ്.
ട്രാൻസ്ഫോർമറുകൾ എല്ലാം സംരക്ഷണവേലി കെട്ടി തിരിച്ച് സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് അപകടകരമായും അശ്രദ്ധമായും ട്രാൻസ്ഫോർമർ ഫ്യൂസുകൾ സ്ഥാപിച്ചിരിക്കുന്നത്. സമീപവാസികൾ പലപ്പോഴായി ചമ്പക്കുളത്തെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
നാട്ടുകാർ പരാതി പറയാതെ തന്നെ ട്രാൻസ്ഫോർമറുകൾ സംരക്ഷണവേലി കെട്ടി അപകടരഹിതമായി സൂക്ഷിക്കേണ്ട വൈദ്യുതി വകുപ്പ് ഇക്കാര്യത്തിൽ അപകടകരമായ അലംഭാവമാണ് കാട്ടുന്നത്.
പടഹാരം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടുകൂടി ഇതു വഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടും. ഈ ഭാഗത്തുള്ള കടകളിലേക്കു വരുന്ന ആളുകളും പാലത്തിന്റെയും പ്രകൃതിയുടെയും ഭംഗി ആസ്വദിക്കാൻ എത്തുന്നവരും ഈ ട്രാൻസ്ഫോർമറിനോട് വളരെ ചേർന്ന് വാഹനങ്ങൾ നിർത്തിയിടാറുണ്ട്. വാഹനങ്ങളിൽനിന്ന് ഇറങ്ങുന്നവരുടെ അശ്രദ്ധ ചിലപ്പോൾ വലിയ അപകടം തന്നെ വിളിച്ചു വരുത്താം. അപകടത്തിന് കാത്തിരിക്കാതെ ഇവിടെ സംരക്ഷണ വേലി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.